Virushka In Capetown For Shopping
പൊതുവെ ഫ്രീയെന്നും, ഡിസ്‌കൗണ്ട് എന്നും കേട്ടാല്‍ ചാടിവീഴും എന്നതാണ് നമ്മുടെ നാട്ടുകാരെക്കുറിച്ച് വിലയിരുത്തപ്പെടുന്നത്. അതിപ്പോള്‍ കോടികള്‍ മൂല്യമുള്ള വിരാട് കോഹ്‌ലിയും, അനുഷ്‌ക ശര്‍മ്മയും ഒക്കെ ആയാലും സ്ഥിതി ഇതൊക്കെ തന്നെ. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് ഇറങ്ങിയ വിരാട് കോഹ്‌ലി ഭാര്യ അനുഷ്‌കയെയും കൂട്ടിയാണ് വിമാനം പിടിച്ചത്. തിരക്കേറിയ പ്രാക്ടീസിനിടെ കേപ്ടൗണില്‍ ഷോപ്പിംഗിനായി ഇരുവരും ഇറങ്ങി. എന്നാല്‍ ലക്ഷങ്ങള്‍ പൊടിച്ച് ഷോപ്പിംഗ് നടത്താന്‍ ശേഷിയുള്ള നവദമ്പതികള്‍ അവിടെ ഡിസ്‌കൗണ്ട് അന്വേഷിച്ച് നടന്നുവെന്നതാണ് അത്ഭുതപ്പെടുത്തുന്ന വസ്തുത. ഇരുവരുടെയും ബ്രാന്‍ഡ് മൂല്യം ഏകദേശം 600 കോടി വരുമെന്നാണ് കണക്ക്. ഈ വ്യക്തികളാണ് അതിശയിപ്പിക്കുന്ന ഡിസ്‌കൗണ്ടിന് പിന്നാലെ പോയത്. കേപ്ടൗണില്‍ ഭാര്യക്കൊപ്പം കറങ്ങാന്‍ മറ്റൊരു ഡല്‍ഹി താരം ശിഖര്‍ ധവാനും ഉണ്ടായിരുന്നു. ഭാര്യക്കും മക്കള്‍ക്കും ഒപ്പമായിരുന്നു ധവാന്‍ വിരാടിനും, അനുഷ്‌കയ്ക്കും ഒപ്പം വിശ്രമിക്കാന്‍ എത്തിയത്. കൂടാതെ ഇരുവരുടെയും ഭാംഗ്ര നൃത്തച്ചുവടുകളും കേപ്പ്ടൗണില്‍ പ്രദര്‍ശിപ്പിച്ചു. ജനുവരി 5 മുതല്‍ തുടങ്ങുന്ന സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ 3 ടെസ്റ്റുകളും, 6 ഏകദിനങ്ങളും, 3 ട്വന്റി 20 മത്സരങ്ങളുമാണുള്ളത്. ഭാര്യമാര്‍ക്കൊപ്പം കറങ്ങി പരമ്പരയെങ്ങാന്‍ തോറ്റാല്‍ ആരാധകരുടെ തെറിവിളി കേള്‍ക്കേണ്ടിവരും എന്നുറപ്പ്.